കഴക്കൂട്ടം: പള്ളിപ്പുറം സിആർപിഎഫ് റോഡിൽ ഏഷ്യൻ സ്കൂളിനു സമീപം നിയന്ത്രണംവിട്ട കാർ മധ്യഭാഗത്തെ ഡിവൈഡറിലേക്ക് ഇടിച്ച് മറിഞ്ഞു. കാർ ഡ്രൈവർക്ക് പരിക്കേറ്റു. ശ്രീകാര്യം സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. അപ്പോളോ ജംഗ്ഷൻ ഭാഗത്തുനിന്ന് അമിതവേഗത്തിൽ സിആർപിഎഫ് റോഡിലേക്കുവന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
സമീപത്തു നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരുന്ന ഹാലജൻ ലൈറ്റുകളുടെ വെളിച്ചം അടിച്ചതും വഴി പരിചയമില്ലാത്തതുമാണ് അപകടത്തിനു കാ രണമായതെന്നാണു പ്രാഥ മിക നിഗമനം. പെട്ടെന്ന് മുന്നിൽക്കണ്ട ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ കാർ തലകീഴായി മറിയുകയായിരുന്നു.
വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി നാട്ടുകാരുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി തലകീഴായി മറിഞ്ഞ കാർനിവർത്തി ഡ്രൈവറെ പുറത്തെടുത്തു.